Monday, December 27, 2010

ഉള്ളിത്തരങ്ങള്‍

ഉള്ളി ഇത്ര വേഗം സെലബ്രിറ്റിയാകുമെന്ന് ആരും കരുതിയതല്ല. പൊന്നുള്ളി
എന്നു വിശേഷിപ്പിക്കേണ്ട സ്ഥിതിയിലേക്ക് ഉള്ളി പെട്ടെന്നുയര്‍ന്നു.
ഉള്ളിയായിട്ട് ഒരു തെറ്റും ചെയ്തിട്ടില്ല എങ്കിലും എല്ലാവരും ഉള്ളിയെ
കുറ്റപ്പെടുത്തുന്നു. വില കൂടുന്നതനുസരിച്ച് വാര്‍ത്തകളില്‍ നിറഞ്ഞു
നിറഞ്ഞു വരുന്ന ഉള്ളി അടുത്തയാഴ്ചയാകുമ്പോഴേക്കും ഈ പോക്കാണെങ്കില്‍
ന്യൂസ്മേക്കര്‍ ഓഫ് ദി ഇയര്‍ ആയിത്തീരും. ഉള്ളി വിലകൈവിട്ടുപോകുന്ന ആ
സുവര്‍ണകാലഘട്ടത്തില്‍ നിങ്ങള്‍ക്കു വായിക്കാവുന്ന ചില വാര്‍ത്തകളുടെ
എംബാര്‍ഗോ. ഞങ്ങള്‍ പത്രക്കാരിങ്ങനെയാണ്, വാര്‍ത്തകളൊക്കെ നേരത്തെ എഴുതി
വയ്‍ക്കും, സമയത്തുപയോഗിക്കാന്‍.

വീട്ടമ്മയുടെ തലയ്‍ക്കടിച്ച് ഉള്ളി കവര്‍ന്നു

കൊല്ലം: പട്ടാപ്പകല്‍ വീട്ടമ്മയെ തലയ്‍ക്കടിച്ചു വീഴ്‍ത്തി രണ്ടരക്കിലോ
ഉള്ളി കവര്‍ന്നു.ചിന്നക്കട സ്വദേശിയായ ചിന്നമ്മയാണ് ഉള്ളിമോഷ്ടാവിന്‍റെ
അടിയേറ്റ് ഗവ.ആശുപത്രിയില്‍ കിടക്കുന്നത്. ഭര്‍ത്താവിന്‍റെ അച്ഛന്‍ ഉള്ളി
തിന്നണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ കെട്ടുതാലി പണയം വച്ച് ചിന്നക്കടയിലെ
പലചരക്കുകടയില്‍ നിന്നു വാങ്ങിയ രണ്ടരക്കിലോ ഉള്ളിയാണ് മോഷണം പോയത്.

ഉള്ളിയുമായി വീട്ടിലേക്കു നടക്കുമ്പോള്‍ മുതല്‍ അപരിചിതനായ ഒരാള്‍
പിന്നാലെ കൂടിയിരുന്നത് ശ്രദ്ധിച്ചിരുന്നതായി ചിന്നമ്മ പറഞ്ഞു. വേഗം
വീട്ടിലെത്താനായി ഇടവഴിയിലൂടെ നടക്കുമ്പോള്‍ എതിര്‍വശത്തു നിന്നും വന്ന
മോഷ്ടാവ് തലയ്‍ക്കടിച്ചു വീഴ്‍ത്തിയ ശേഷം ഉള്ളി കവരുകയായിരുന്നു.
വീട്ടമ്മയുടെ കയ്യിലുണ്ടായിരുന്ന പണമോ അരപവന്‍റെ മോതിരമോ
കവര്‍ന്നിട്ടില്ല. ഉള്ളിവില രാജ്യാന്തരതലത്തില്‍ ഉയര്‍ന്നതോടെ നാട്ടില്‍
ഉള്ളിമോഷണം വ്യാപകമായിരിക്കുകയാണ്.

വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ ഉള്ളി കള്ളക്കടത്തു പിടിച്ചു

അങ്കമാലി: അനധികൃതമായി നിക്വാരഗ്വയില്‍ നിന്നു കൊണ്ടുവരികയായിരുന്ന 20
കിലോ ഉള്ളി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍
പിടിച്ചു. ആര്‍ക്കും സംശയം തോന്നാത്ത വിധത്തില്‍ ഉള്ളി ചെറുതായി അരിഞ്ഞ്
അടിവസ്ത്രത്തിനുള്ളില്‍ തിരുകിയാണ് തൊടുപുഴ കോടിക്കുളം സ്വദേശിയായ
ജോണ്‍സണ്‍ ഉള്ളി കടത്തിയത്. നാട്ടിലെ ഉള്ളിയുടെ വില മുന്നില്‍ കണ്ട്
മറിച്ചുവിറ്റ് ലാഭമുണ്ടാക്കാന്‍ വേണ്ടിയാണ് ഉള്ളി കൊണ്ടുവന്നതെന്ന്
കുറ്റസമ്മതത്തില്‍ ജോണ്‍സണ്‍ പറഞ്ഞു.

അതേസമയം, ജോണ്‍സന്‍റെ അടിവസ്ത്രത്തിനുള്ളില്‍ നിന്നും പിടിച്ചെടുത്ത
ഉള്ളി അരിഞ്ഞത് കസ്റ്റംസ് അധികൃതര്‍ കൊച്ചിയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിനു
മറിച്ചുവിറ്റതായി ഉയര്‍ന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന്
മുഖ്യമന്ത്രി പറഞ്ഞു. ഉളളിയെത്തൊട്ടു കളിക്കാന്‍ ഒരുത്തനെയും
സമ്മതിക്കില്ലെന്നും ഇത് താന്‍ ഉള്ളിത്തട്ടിയാണ് പറയുന്നതെന്നും
അഴിമതിയുടെ ഉള്ളുകളികളെല്ലാം വെളിച്ചത്തു കൊണ്ടുവരുമെന്നും അദ്ദേഹം
പറഞ്ഞു.

ഉള്ളിക്കമ്പനികള്‍ പിടിമുറുക്കുന്നു

മുംബൈ: രാജ്യാന്തര വിപണിയില്‍ ഉള്ളിവില ഉയരുന്ന സാഹചര്യത്തില്‍ ഉള്ളിവില
വര്‍ധിപ്പിക്കാനുള്ള അവകാശം നേടിയെടുത്ത ഉള്ളിക്കമ്പനികള്‍ വീണ്ടും
ഉള്ളിവില വര്‍ധിപ്പിക്കാനൊരുങ്ങുകയാണ്. ഈ മാസം ഇതു മൂന്നാമത്തെ തവണയാണ്
ഉള്ളിക്കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത്. ഉള്ളിവിലവര്‍ധനവിനെതിരെ
രാജ്യത്ത് ഇതിനോടകം നാല് ഉള്ളിബന്ദുകള്‍ നടന്നു കഴിഞ്ഞു.
ഉള്ളിവിലവര്‍ധനയ്‍ക്കു പിന്നില്‍ അമേരിക്കയുടെ ഇടപെടലാണെന്നും ഒബാമ
ഇന്ത്യയില്‍ വന്നുപോയതിനു ശേഷമാണ് ഉള്ളിവില ഇങ്ങനെകൂടിയതെന്നും അതുകൊണ്ട്
സര്‍ക്കാര്‍ രാജിവയ്‍ക്കണമെന്നും ഇടതു കക്ഷികള്‍ ആവശ്യപ്പെട്ടു.

ഉള്ളികൃഷി വ്യാപിപ്പിക്കണം: ഉള്ളി ബോര്‍ഡ്

കോട്ടയം: ഉള്ളിയെ നാണ്യവിളയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍
റബര്‍, കുരുമുളക്, ഏലം, വാനില തുടങ്ങിയ കൃഷികള്‍ ഒഴിവാക്കി കേരളീയര്‍
ഉള്ളികൃഷി വ്യാപകമാക്കണമെന്ന് പുതുതായി രൂപീകരിച്ച ഉള്ളിബോര്‍ഡ്
കര്‍ഷകരോടാവശ്യപ്പെട്ടു.ഉള്ളി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സംസ്ഥാന
ഉള്ളി ഡവലപ്മെന്‍റ് കോര്‍പറേഷന്‍ വായ്പകള്‍ നല്‍കുന്നുണ്ട്. ഉള്ളിസംഭരണം
വേഗത്തിലാക്കാന്‍ ജില്ലാതലത്തില്‍ ഗോഡൗണുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്.
കര്‍ഷകര്‍ ഉള്ളികൃഷി വ്യാപിപ്പിച്ചെങ്കിലേ രാജ്യാന്തരവിപണിയില്‍ സപ്ലൈ
വര്‍ധിപ്പിക്കാനും ഉള്ളി ഉല്‍പാദനത്തില്‍ നേട്ടം കൈവരിക്കാനും നമുക്കാവൂ.

റബറിന്‍റെ ആസ്ഥാനമായി അറിയപ്പെട്ടിരുന്ന പാലായിലും മറ്റും
ആര്‍ത്തിക്കാരായ കര്‍ഷകര്‍ തോട്ടങ്ങള്‍ വെട്ടിയിറക്കി ഉള്ളി
കൃഷിയിറക്കിയിരിക്കുകയാണ്. എന്നാല്‍, വിത്തുള്ളി മോഷണം വ്യാപകമായതോടെ
തോട്ടത്തിന് വന്‍തുക മുടക്കി കാവല്‍ ഏര്‍പ്പെടുത്തേണ്ട അവസ്ഥയിലാണ്
കര്‍ഷകര്‍.

ഉപെക് യോഗം നാളെ

ദുബായ്: ഉള്ളി ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളുടെ സംഘടനയായ ഉപെക്(ഉള്ളി
പ്രൊഡ്യൂസേഴ്സ് ആന്‍ഡ് എക്സ്പോര്‍ട്ടിങ് കണ്‍ട്രീസ്) യോഗം നാളെ യെമനില്‍
ചേരും. ഉള്ളി ഉല്‍പാദനം കൂട്ടണോ കുറയ്‍ക്കണോ എന്ന കാര്യം ഈ യോഗത്തില്‍
ഉപെക് തീരുമാനിക്കും. ഉളളിവില അനുദിനം കൂടിക്കൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍ വില നിയന്ത്രിക്കുന്നതിന് ഉല്‍പാദനം കൂട്ടുന്ന കാര്യം
പരിഗണിക്കണമെന്ന് അമേരിക്ക ഉപെകിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഉള്ളിയുടെ
ഗുണനിലവാരം നിര്‍ണയിക്കുന്നതിനുള്ള അധികാരം ഇറക്കുമതി ചെയ്യുന്ന
രാജ്യങ്ങള്‍ക്കു വിട്ടുകൊടുക്കണോ എന്ന കാര്യവും ഉപെക് ചര്‍ച്ച ചെയ്യും.

വിപണിയില്‍ ചൈനീസ് ഉള്ളികള്‍

കൊച്ചി: ഉള്ളിവില ഉയരുന്ന സാഹചര്യത്തില്‍ വിപണിയില്‍ ചൈനീസ് ഉള്ളികള്‍
വ്യാപകമാകുന്നു. അനധികൃതമായി എത്തുന്ന ഡ്യൂപ്ളിക്കേറ്റ് ഉള്ളികള്‍ക്കു
വില കുറവാണെന്നതിനാല്‍ ആവശ്യക്കാരുമേറെ. നല്ല വലിപ്പവും ചുവപ്പുമുള്ള
ഉള്ളി പക്ഷെ, അരിയുമ്പോള്‍ കണ്ണില്‍ നിന്നു കണ്ണീരു വരികയില്ല എന്ന
പ്രത്യേകതയുമുണ്ട്. എന്നാല്‍ ചൈനീസ് ഉള്ളികളുടെ ഉപയോഗം
വിലക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യാ ഉള്ളി പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍
പ്രധാനമന്ത്രിയെ കണ്ടു.

10 രൂപയ്‍ക്ക് ഉള്ളി നല്‍കും: കരുണാനിധി

ചെന്നൈ: തമിഴ്‍നാട്ടില്‍ വെറും 10 രൂപയ്‍ക്ക് ഒരു കിലോ ഉള്ളി
നല്‍കുമെന്ന് മുഖ്യമന്ത്രി കരുണാനിധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത്
ഉള്ളികൃഷിക്ക് ആവശ്യമായ വെള്ളം എത്തിച്ചുതരാത്ത കേരളം ഉള്ളിയില്ലാതെ
കരയേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഉള്ളികൃഷിയുടെ
ജലസേചനത്തിനുപയോഗിക്കുന്നതാകയാല്‍ മുല്ലപ്പെരിയാര്‍ ഡാമിന്‍റെ പേര്
ഉള്ളിപ്പെരിയാര്‍ എന്നു മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യാന്തര
തലത്തില്‍ ഉള്ളിവില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ എപ്പോഴാണ് 10
രൂപയ്‍ക്ക് ഉള്ളി കൊടുത്തു തുടങ്ങുക എന്ന ചോദ്യത്തിന് അദ്ദേഹത്തിന്‍റെ
മറുപടി ഇങ്ങനെയായിരുന്നു- ഉളളിവില താഴ്‍ന്നു താഴ്‍ന്ന് എന്നെങ്കിലും 10
രൂപയില്‍ വന്നാല്‍ അന്ന് !

ഉള്ളി ലൈസന്‍സ് അഴിമതി: പാര്‍ലമെന്‍റ് സ്തംഭിച്ചു

ന്യൂഡല്‍ഹി: വിദേശ കമ്പനികള്‍ക്ക് രാജ്യത്ത് ഉള്ളി വില്‍ക്കാന്‍ അനുമതി
നല്‍കുന്ന ഉള്ളി ലൈസന്‍സ് അനുവദിച്ചതില്‍ അഴിമിയുണ്ടെന്ന കണ്ടെത്തലിനെ
തുടര്‍ന്ന് ഉള്ളിവകുപ്പു മന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട്
പ്രതിപക്ഷം തുടര്‍ച്ചയായ ഇരുപതാം ദിവസവും സഭ സ്തംഭിപ്പിച്ചു.

പാളയം മാര്‍ക്കറ്റിലെ ഉള്ളിക്കച്ചവടക്കാരിയായ മീര റേഡിയോ എന്ന സ്ത്രീ
മാധ്യമപ്രവര്‍ത്തകരെ സ്വാധീനിച്ച് ഉള്ളി അഴിമതിക്ക് അനുയോജ്യനായ ആളെ
മന്ത്രിപദത്തിലെത്തിക്കുന്നതിനു കരുക്കള്‍ നീക്കിയതിന്‍റെ തെളിവായ ഫോണ്‍
സംഭാഷണങ്ങള്‍ ചോര്‍ന്നതോടെയാണ് അഴിമതി പുറത്തായത്. ഇതോടെ നിലവില്‍
ലൈസന്‍സ് ലഭിച്ചിട്ടുള്ള പകുതിയിലേറെ ഉള്ളിക്കമ്പനികള്‍ക്കും ലൈസന്‍സ്
നഷ്ടമാകുമെന്നാണ് സൂചന.

പാക്കിസ്ഥാന്‍ ഉള്ളിമിസൈല്‍ പരീക്ഷിച്ചു

ലാഹോര്‍: ഉള്ളിത്തോട്ടങ്ങളില്‍ കൃഷി നശിപ്പിക്കുന്നതിനുള്ള ദീര്‍ഘദൂര
ഉള്ളിമിസൈല്‍ പാക്കിസ്ഥാന്‍ വിജയകരമായി പരീക്ഷിച്ചു. ചൈനയുടെ
സഹായത്തോടെയാണ് പാക്കിസ്ഥാന്‍ ഉള്ളി മിസൈല്‍ യാഥാര്‍ഥ്യമാക്കിയത്.
ഇന്ത്യയുടെ ഉള്ളി ഉല്‍പാദന മേഖലകളില്‍ 15 മിനിറ്റ് കൊണ്ട് എത്താനാവുന്ന
മിസൈലിന് തോട്ടത്തിലെ എല്ലാ ഉള്ളിച്ചെടികളും നശിപ്പിക്കാന്‍ ശേഷിയുണ്ട്.

പാകിസ്ഥാന്‍റെ ഉള്ളിമിസൈല്‍ മേഖലയില്‍ സമാധാനം തകര്‍ക്കുമെന്നും
ഇന്ത്യയുടെ ഉള്ളിയെ തൊട്ടാല്‍ പാകിസ്ഥാന് വിത്തിനുപോലും ഉള്ളി
ബാക്കിയില്ലാത്ത അവസ്ഥയാകും ഉണ്ടാവുകയെന്നും ഇന്ത്യ പ്രതികരിച്ചു. ആണവ
യുദ്ധവും സൈബര്‍ യുദ്ധവും കഴിഞ്ഞ് വരുംകാലം
ഉള്ളിയുദ്ധത്തിന്‍റേതായിരിക്കുമെന്ന് യുഎന്‍ വിലയിരുത്തി.

അമേരിക്ക കേരളത്തില്‍ നിന്നും ഉള്ളി മോഷ്ടിക്കാന്‍ പദ്ധതിയിട്ടു: വിക്കീലീക്ക്സ്

ലൊസാഞ്ചലസ്: ഉള്ളിവില ഉയര്‍ന്നു തുടങ്ങിയ സമയത്ത് കേരളത്തിലെ സിപിഎം
നേതാക്കളുടെ വീട്ടില്‍ നിന്നും ഉള്ളി മോഷ്ടിക്കാന്‍ അമേരിക്ക
പദ്ധതിയിട്ടതായി വിക്കിലീക്ക്സ് വെളിപ്പെടുത്തല്‍. ഡിസംബര്‍ 20ന്
ഇന്ത്യയിലെ യുഎസ് എംബസിയില്‍ നിന്ന് പെന്‍റഗണിലേക്കയച്ച സന്ദേശത്തിലാണ്
കേരളത്തിലെ സിപിഎം നേതാക്കളെ അമേരിക്ക ഉള്ളി തീറ്റക്കാരെന്നു
വിശേഷിപ്പിച്ചത്. മുതിര്‍ന്ന നേതാക്കളുടെ അടക്കം പാര്‍ട്ടി ഭാരവാഹികളുടെ
വീട്ടില്‍ നിന്ന് സിഐഎ ചാരന്മാരെ ഉപയോഗിച്ച് ഉള്ളി മോഷ്ടിക്കാനായിരുന്നു
പദ്ധതി. കേരളത്തില്‍ ഉള്ളിയുടെ ഉപയോഗം കൂടുതലായതാണ് കമ്യൂണിസത്തിന്‍റെ
വളര്‍ച്ചയ്‍ക്കു കാരണമെന്നും ഉള്ളി ഇല്ലാതായാല്‍ കമ്യൂണിസം
തകരുമെന്നുമുള്ള പ്രതീക്ഷയാണ് ഉള്ളി മോഷണം ആസൂത്രണം ചെയ്യാന്‍ അമേരിക്കയെ
പ്രേരിപ്പിച്ചതെന്നും വിക്കിലീക്ക്സ് പറയുന്നു.

ഉള്ളി പരാമര്‍ശം: തെറ്റിദ്ധരിച്ചെന്നു മന്ത്രി സുമതി

തിരുവനന്തപുരം: കേരള നിയമസഭയില്‍ ഉള്ളി തിന്നിട്ടു വരുന്ന
അംഗങ്ങളുണ്ടെന്നും ഇത് സംസ്ഥാനത്തെ സംബന്ധിച്ച് വലിയ നാണക്കേടാണെന്നും
പറഞ്ഞത് വിവാദമായതിനെ തുടര്‍ന്ന് മന്ത്രി സുമതി പ്രസ്താവന പിന്‍വലിച്ചു.
ഉള്ളിയുടെ ഗന്ധമായി താന്‍ തെറ്റിദ്ധരിച്ചത് ഈയിടെ വിപണിയിലിറങ്ങിയ ഉള്ളി
സ്പ്രേ പൂശി വരുന്ന അംഗങ്ങളുടെ സുഗന്ധമായിരുന്നെന്നു മന്ത്രി
വിശദീകരിച്ചു.

സഭയില്‍ എംഎല്‍എ മാര്‍ ഉള്ളി തിന്നിട്ടു വരുന്നുണ്ടെന്നു മന്ത്രി പറഞ്ഞത്
വലിയ വിവാദമായിരുന്നു. ഭരണ-പ്രതിപക്ഷഭേദമില്ലാതെ അംഗങ്ങള്‍ മന്ത്രി
പറഞ്ഞതിനെ പ്രതിരോധിച്ചു. നിയമസഭയുടെ ചരിത്രത്തിലിന്നു വരെ ആരും ഉള്ളി
തിന്ന് വന്നതായി അറിവില്ലെന്നായിരുന്നു പ്രതികരണം. ഉത്തരവാദിത്വമില്ലാതെ
ഉള്ളിയുടെ കാര്യം പറഞ്ഞതിന് സ്പീക്കറും മന്ത്രിയെ ശാസിച്ചതോടെയാണ്
മന്ത്രി പ്രസ്താവന പിന്‍വലിച്ചത്.


Source: http://berlytharangal.com/?p=6237

1 comment:

  1. kooi...ithu copu adiyane...

    http://berlytharangal.com/?p=6237

    ReplyDelete